Monday, August 8, 2011

കൊച്ചൂസ് കിച്ചൺ..

ആദ്യം തന്നെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത പറയാം (ഞെട്ടൽ ഓപ്ഷണൽ ആണ്. താല്പര്യമുള്ളവർ മാത്രം ഞെട്ടിയാൽ മതി).

ബ്ലോഗ്‌ലോകത്തിന്റെ ഒരു കോണിൽ “കൊച്ചൂസ് കിച്ചൺ“ (http://kochuskitchen.blogspot.com) തുറന്നു പ്രവർ‌ത്തനം ആരം‌ഭിച്ചിരിക്കുന്നു.ടൻ ട ടേൻ... ഇതിന്റെയൊക്കെ വല്ല ആവശ്യം ഒണ്ടാരുന്നോ എന്ന് വണ്ടറടിക്കുന്നവർക്കായി കഥ ഇതു വരെ...

ബേസിക്കലി ഞാനൊരു ഭക്ഷണപ്രേമിയാണ്. ഫുഡുമായി ബന്ധപ്പെട്ട എന്തും എനിക്ക് പെരുത്തിഷ്ടമാണ്. അതിപ്പോ ഭക്ഷണശാലകളായാലും ശരി, മാഗസിനുകളിലെ റെസിപ്പീകളായാലും ശരി, ടീവീലെ കുക്കറി ഷോകളായാലും ശരി, ഫുഡുണ്ടാ‍ക്കുന്നവരായാലും ശരി ഫുഡുമായി എന്തെലും ബന്ധമുള്ള സം‌ഭവങ്ങലുണ്ടോ അതിനെ ഞാൻ ജീവനു തുല്യം സ്നേഹിക്കും. അതു പോലെ എന്തു ഫുഡും കഴിച്ചു നോക്കാനുള്ള ഒരു പരീക്ഷണമനോഭാവം അതും പണ്ടുമുതലേ ഉണ്ട്. അപ്പോ എല്ലാം കൂടി കൂട്ടിയുരുട്ടി വെച്ച് അവസാനം സംഭവിച്ചതെന്താന്നു വച്ചാൽ ഞാനങ്ങ് ഉരുണ്ടുരുണ്ടു വരാൻ തുടങ്ങി. ഓരോരോ കുപ്പായക്കടകളിൽ കയറി നമ്മക്ക് ഒരു രീതീലും പാകമാവത്ത കുപ്പായങ്ങൾ കാനുമ്പോഴൊക്കെ അന്തരാത്മാവീന്ന് ഒരു ദുഖം വരുംന്നല്ലാതെ അതിനെ മാറ്റാനൊന്നും ഞാൻ കാര്യമായി മെനക്കെട്ടിരുന്നില്ല. പറയാൻ മറന്നു. കുഴിമടി - അതു വിട്ടൊരു പരിപാടീം എനിക്കില്ലായിരുന്നു.

അങ്ങനെയിരിക്കേ വിധിയുടെ വിധാനം കൊണ്ട് ഞാൻ ബിലാത്തിയിലെത്തി. കുറെ ചുറ്റിക്കറക്കമൊക്കെ കഴിഞ്ഞ് പിന്നീടൊന്നും ചെയ്യാനില്ലാതെ ഇരുന്നപ്പോൾ തലയിലൊരു മിന്നൽ. എന്തായാലും ഒന്നും ചെയ്യാനില്ല. എന്നാൽ പിന്നെ കുറച്ച് ആരോഗ്യപരിരക്ഷ നേടിയാലോ. വണ്ണമൊകെ കുറച്ച് നല്ല സ്റ്റൈലൻ കുപ്പായങ്ങളിൽ കയറിക്കൂടിയാലോ എന്ന്. പിന്നെ അതിനുള ഗവേഷണമായി. ശരീരത്തിനു പ്രത്യെകിച്ചൊരു ഗുണവുമില്ലാത്തെ സാധനങ്ങളൊക്കെ ഫുഡിൽ നിന്നും ഒഴിവാക്കി തുടങ്ങി. കാർബോഹൈഡ്രേറ്റുകൾ മാക്സിമം കുറച്ച് പ്രോടീൻ കണ്ടന്റ് കൂട്ടാൻ തുടങ്ങി. പഞ്ചസാര, എണ്ണ, മൈദ ഒക്കെ മാക്സിമം ഒഴിവാക്കി തുടങ്ങി. അങ്ങ്നേയങ്ങനെ ഞാൻ നന്നാവലിന്റെ ട്രാക്കിൽ കേറാൻ തുടങ്ങി.

പക്ഷെ എത്ര കാലം. നമ്മക്കൊരു മനസാക്ഷിയില്ലേ. ഓരോരോ കടകളിലിരുന്ന് എന്റെ ഫെവറൈറ്റ് പുട്ടറ്റംസ് കണ്ണും കലാശവുമൊക്കെ കാണിക്കുന്നു. ച്ഛെ അതിൽ നിരയെ മൈദയാ, പഞ്ചാര്യാ, നെയ്യാ എന്നൊക്കെ ബുദ്ധി ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹൃദയം ഒരു മാതിരി കൊച്ചുപിള്ളാരെ പോലെ അലമ്പാക്കുന്നു. ഇങ്ങനെ എത്ര കാലം എനിക്കെന്റെ മനസാക്ഷിയെ വഞ്ചിച്ചു ജീവിക്കാൻ കഴിയും. അങ്ങനെ ഞാൻ ഒരു കടുത്ത തീരുമാനമെടുത്തു-ഹൃദയത്തെയും ബുദ്ധിയെയും നാവിനെയും ഒരു പോലെ സമാശ്വസിപ്പിച്ചു കൊണ്ട്. അദായത്, കഴിക്കണമെ ന്നു തോന്നുന്ന സാധങ്ങ്നളൊക്കെ കഴിക്കും. യാതൊരു കുറ്റബോധവുമില്ലാതെ. പക്ഷെ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം. എന്നിട്ടെന്റെ തല പ്രവർ‌ത്തിപ്പിക്കും. എന്തിന്. ഈ സാധങ്ങ്നൾ‌കൊക്കെ ഹെൽ‌ത്തി ആൾട്രനേറ്റീവ്സ് കണ്ടു പിടിക്കാൻ. ഗൂഗിളല്ലേ വിടർ‌ന്നുവിശാലമായി കിടക്കുന്നത്. പിന്നെ ഉഡായിപ്പ് ട്രിക്ക്സ് നിറഞ്ഞുതുളുമ്പുന്ന എന്റെ തലച്ചോറും. പിന്നെന്താ പ്രശ്നം. അങ്ങനെ ഞാൻ അടുക്കളയിൽ കയറി അങ്കം കുറിച്ചു. യെസ്. കുറെ ഫ്ലോപ്പായി, കുറെ ഫ്ലോപിന്റെ ഫ്ലോപ്പായി. പക്ഷെ കുറെ ഹിറ്റുകളും ഉണ്ടായി. പതിയെ പതിയെ ഇത് ഞാനങ്ങ് എൻ‌ജോയ് ചെയ്യാൻ തുടങ്ങി. ക്രിയെറ്റിവിറ്റിക്ക് ക്രിയേറ്റിവിറ്റി, ഇമാജിനേഷൻ` ഇമാജിനേഷൻ, പരീക്ഷണത്തിന്` പരീക്ഷണം, ടേസ്റ്റിന് ടേസ്റ്റ്, അവസാനം ഫുഡിന് ഫുഡ്. ഒരു മാതിരി എനിക്കിഷ്ടമുള്ള സം‌ഭവങ്ഗ്നളെല്ലാം അടങ്ങിയ ഒരു പാക്കേജ് ആയിരുന്നു ഈ പുതിയ ഹോബി. ഫ്രെൻ‌ഡ്സ് സർക്കിലിൽ തന്നെ ഒരുപാടു ഗിനിപിഗ്സ് നെഞ്ചും വിരിച്ചു മുന്നോട്ടു വന്നതു കൊണ്ട് ഇരകൾ‌ക്കും ഫീ‌ഡ്ഡ്-ബാക്കുകൾക്കും പഞ്ഞമുണ്ടായില്ല. പിന്നെ ഉണ്ടാക്കുന്ന സാധനങ്ങളുടെ പടമെടുത്ത് ദൂരെയുള്ള ഫ്രെൻ‌ഡ്സിന് അയച്ചുകൊടുക്കുക വഴി എന്റെ ഫോടോഗ്രാഫി സ്വപ്നങ്ങളും പൂവണിഞ്ഞു.

പക്ഷെ ഇവിടൊക്കെ ഒരു പ്രശ്നമുണ്ടായിരുന്നു. കുക്കിം‌ഗിനു വേണ്ടി സ്പെൻ‌ഡ് ചെയ്യേണ്ടി വരുന്ന സമയം. എന്നെപോലെ രാവിലെ (ഒക്കെ നല്ലോണം വൈകി) എഴുന്നേറ്റ് പകുതി ബോധത്തിൽ ഓഫീസിലേക്കോടുന്ന ഒരു ഉദ്യോഗസ്ഥയെ സംബന്ധിച്ചിടത്തോളം റ്റൈം ഒരുപാട് ഇമ്പോർട്ടന്റാണ്. അടുത്ത പ്രശ്നം എന്റെ പിശുക്കും.ഈ രണ്ട് പ്രശ്നങ്ങളെയും അഡ്രസ് ചെയ്യാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. പ്രിപറേഷനും കുക്കിം‌ഗിനും കഴിക്കാനും ഒക്കെ കൂറ്റി മാക്സിമം ഒരു മണിക്കൂർ. അതും ലോക്കലി കിട്ടുന്ന ഇൻ‌ഗ്രേദിയന്റ്സ് ഉപയോഗിച്ചു മാത്രം. അതായിരുന്നു അടുത്ത ചലഞ്ച്. അതിലേക്കായി പുതിയ റെസിപ്പീകൾ കണ്ടുപിടിച്ചു, നാടുചുറ്റി നടക്കുമ്പോൾ കണ്ണിലും വായിലും പെട്ട പല ഫുഡിനെയും അഴിച്ചുപണിത് പുതിയ രൂപത്തിലാക്കി.സാധാരണ ഉപയൊഗിക്കുന്ന ഇൻ‌ഗ്രേഡിയന്റ്സിനു പകരം പോഷകസമൃദ്ധവുംവും വിലകുറഞ്ഞതും നമ്മുടെ ചുറ്റും ലഭ്യമായതുമായ ഇൻ‌ഗ്രേദിയന്റ്സ് ഉപയൊഗിച്ചു. അങ്ങനെ മുന്നോട്ടു പോയപ്പോഴാണ് ഇത് മറ്റുള്ളവരുമായി ഷെയർ ചെയ്യുന്നതിനെ പറ്റി ചിന്തിച്ചത്. എന്നെ പോലുള്ള ചലഞ്ച്സ് ദൈനംദിന ജീവിതത്തിൽ നേരിടുന്ന എത്രയോ പേരുണ്ട്. അവർക്കൊക്കെ ഇമ്മാതിരി റെസിപ്പീസ്- അതായത് ഈസി-ഫാസ്റ്റ്- ലോകോസ്റ്റ്-ഹെൽത്തി റെസിപ്പീസ് എത്ര മാത്രം ഉപയോഗപ്രദമാകുമെന്നും. എന്നെപോലെ ചിന്തിക്കുന്നവർ വേറെയും ഉണ്ടാകുമല്ലോ..കൊച്ചൂസ് കിച്ചൺ പിറവിയെടുത്തത് അവിടുന്നാ‍ണ്. നിങ്ങൾ‌ക്ക് വായിക്കാം പരീക്ഷിക്കാം പരീക്ഷിച്ചു പരാജയപ്പെട്ടാൽ എന്നെ ചീത്തവിളിക്കാം (ഇത് ഒരു ഫോർ‌മാലിറ്റിക്ക് പറഞ്ഞൂന്നെയുളൂ .അതേ പോലെ പാലിക്കണമെന്നില്ല കേട്ടോ) , ഇനി എന്തെലും കുഴപ്പം കണ്ടാൽ അത് കമന്റായി ഇടാം, ഇനീം റെസിപ്പീസ് ഹെൽ‌ത്തി ആക്കാനുള്ള സജഷൻസ് ഉണ്ടെങ്കിൽ അതും സ്വീകരിക്കുന്നതാണ്.

പിന്നൊരു കാര്യം. ഒരുപക്ഷെ ട്രെഡിഷണൽ കുക്കിം‌ഗിന്റെ നിയമങ്ങളെയും രീതികളെയും ഒക്കെ വെല്ലുവിളിക്കുന്നതാവും എന്റെ റെസിപ്പീസ്. ആദ്യം കാണുമ്പോൾ ഒരു ഞെട്ടലൊക്കെ ഉണ്ടാകുമായിരിക്കും. പിന്നെ പിന്നെ അങ്ങ് ശീലമായിക്കോളുമെന്നേ. ഒന്നൂലേലും ഫുഡടിക്കാനും ഫുഡുണ്ടാക്കാനും കൂടിയല്ലേ നമ്മുടെ ജീവിതം. അപ്പോ എന്നും ഒരു റൂട്ടീനിൽ ഒരേ ടൈപ് ഭക്ഷണങ്ങൾ അതും ഹെൽ‌ത്തിനെ പറ്റി ഒരു ബോധവുമില്ലാതെ മണിക്കൂരുകളോളം സ്പെൻഡ് ചെയ്ത് ഉണ്ടാക്കുന്ന് ബോറിം‌ഗ് പരിപാടി- അതു മാറ്റി അടുക്കളജീവിതം ഉല്ലാസപ്രദമാക്കൂ, നമ്മടെ ഇമാജിനേഷനും ക്രിയേറ്റിവിറ്റിയും ചിറകു വിരിച്ചു പറപ്പിക്കൂ, കുക്കിം‌ഗിൽ നിന്നും ഫ്രീ കിട്ടുന്ന സമയം മറ്റു വിനോദങ്ങൾ‌ക്കായി ഉപയൊഗിക്കൂ, ശരീരത്തിനു വല്യ തട്ടുകേടൊന്നുമില്ലാത്തെ ഫുഡാണുണ്ടാക്കുന്നതെന്ന ശാന്തിയും സമാധാനവും നേടൂ .. ഹല്ല പിന്നെ

എന്നാപിന്നെ ഞാനടുക്കളേലോട്ടു കേറട്ടെ..

Tuesday, August 2, 2011

ഒരിടത്തൊരു അച്ഛനും മോളും...

‘പപ്പേ ഈ കാൽ‌ടെക്സിനെങ്ങനാ കാൽ‌ടെക്സെന്നു പേരു വന്നത്?’

‘ഇവിടെ പണ്ട് ആ പേരിലെങ്ങാനും ഒരു പെട്രോൾ പമ്പുണ്ടാർന്നു. അങ്ങനെ ആണെന്നു തോന്നുന്നു. നീയീ സൈഡിലേക്ക് മാറി നടക്ക് മോളേ. വണ്ടി വരുന്നതു കാണുന്നില്ലേ’

കൈയിലെ പപ്പയുടെ പിടിത്തം മുറുകുന്നു. ഇത്തിരി അയച്ചാൽ ഞാൻ ഓടിപ്പോയി ഏതെങ്കിലും വണ്ടിക്ക് അട വെയ്ക്കും എന്നു വിചാരിച്ചാവും.

‘ശ്ശൊ ഇവിടാരുന്നൊ കെസാർടീസീ ബസ്റ്റ്‌റ്റാൻഡ്. ഞാനിതു ശ്രദ്ധിച്ചിട്ടില്ലാരുന്നു’

‘ഇതിവിടെ കുറെനാളായിട്ടുണ്ടല്ലോ. നീ പ്രൈവറ്റ് ബസിനു മാത്രം കേറുന്നതു കൊണ്ടല്ലേ. മൊളെ എന്തൊക്കെ പറഞ്ഞാലും സ്റ്റേറ്റ്ബസിന്റെ ആ ഒരിത്....(സ്റ്റേറ്റ്ബസുകളുടെ ഗുണങ്ങൾ..)‘

‘ഹ്മ്. പപ്പെ ഒരു മിനിട്ടേ. ഞാനാ ഉന്തുവണ്ടിക്കാരന്റെടുത്തൊന്നു ശകലം നെല്ലിക്ക വാങ്ങട്ടെ,

‘ഹ്മ്. ബാഗിങ്ങു തന്നിട്ട് ശ്രദ്ധിച്ചു പോ. ഇരൂട്ടാ. ചെളീലൊന്നും ചവിട്ടാ‍ണ്ട് പോണം കേട്ടൊ’

‘ നല്ല ആരോഗ്യമുള്ള നെല്ലിക്ക. നമ്മടെ ഇവിടെ ഇതു കിട്ടും‌ന്ന് എനിക്കറിയത്തില്ലാരുന്നു‘

‘ഇതൊക്കെ കർണാടകേന്നു വരുന്നതല്ലേ. നിനക്കിതാ ബാം‌ഗ്ലൂരിലെ മാർക്കറ്റീന്നു മേടിച്ചാ പോരാരുന്നോ. ഇവിടങ്ങളിലൊക്കെൈട്ടുന്നത് ചെറിയ ടൈപ്പ് നെല്ലികയല്ലേ.ചില്ലിക്കാന്നു പറയുന്ന സാധനം..... (കർണ്ണാടകയിലെ നെല്ലിക്കാ കൃഷി/വിപണനത്തെ പറ്റിയുള്ള വിവരങ്ങ്ങാൾ...)

‘ എനികു വെശക്കുന്നു. ഇവിടടുത്തെങ്ങാണ്ട് ഇന്ത്യൻ കോഫീ ഹൌസില്ലേപ്പേ’

‘പിന്നില്ലേ. എന്നാ അങ്ങോട്ടു നടക്കാം. ബസ് വരാൻ ഇനീം സമയമുണ്ടല്ലോ. അല്ല. നീയിതെന്തിനാ ആ പശൂന്റെ മുതുകത്തോട്ടു കേറുന്നേ.. ഇങ്ങോട്ടു മാറി നടക്കെടീ..”

“യ്യോ അതു പശുവാ‍ണോ. ഞാം വിചാരിച്ചു വല്ല ബൈക്കും നിർത്തിയിട്ടിരിക്കുന്നതാണെന്ന്‘“

“ശ്രദ്ധിച്ചു നോക്കി നടക്കെന്റെ മോളെ” (ടോൺ അഭ്യർത്ഥനയുടേതല്ല, ശാസനയുടേതാണ്‌)

“യീക്ക്. പപ്പേ ഞാൻ ചാണകം ചവുട്ടി. വ്രിത്തികെട്ട പശൂ‍ൂ‍ൂ‍ൂ‍ൂ..“

“ഹ്മ്. ഇതു തന്നാ പറഞ്ഞത്. സാരമില്ല. ബസ്സ്റ്റാൻ‌ഡിൽ ചെന്നിട്ട് കഴുകീട്ടു വരാം’

“ ശ്ശ്. ചാണകം മണക്കുന്നുണ്ടോ പപ്പേ..”

‘ഇല്ലെടീ. നീ പോയി കഴുകീട്ടു വാ.”

(ലൊക്കേഷൻ ഇന്ത്യൻ കോഫീ ഹൌസ്. മട്ടൻ കട്ലേറ്റ് തീർന്നു പോയതിന്റെ ദു:ഖത്തിൽ ഇരിക്കുന്ന ഞാൻ)

“കട്ലേറ്റ് അടുത്ത പ്രാവശ്യം മേടിച്ചു തരാടീ. ഇപ്പോ നീ നെയ്രോസ്റ്റ് കഴിക്ക്. നല്ല മൊരിഞ്ഞ നെയ്രോസ്റ്റ്. നീ ഒന്നു കഴിച്ചു നോക്ക്”

“അതു പിന്നെ പപ്പ അങ്ങനല്ലേ പറയുള്ളൂ. ഇന്ത്യൻ കോഫീ ഹൌസിലെ പാത്രം കഴുകിയ വെള്ളം കിട്ടിയാലും പപ്പ പറയും നല്ല ടേസ്റ്റാനെന്ന്”

“പിന്നേ അങ്ങനൊനുമില്ല. നിനക്കറിയാഞ്ഞിട്ടാ. ഇത്രെം വൃത്തിയുള്ള ഹോട്ടൽ വേറെ ഉണ്ടാവില്ല. ഏ.കെ.ജിടെ ഐഡിയയാ ഇത്. മുടിയൊന്നും പാറി വീഴാതിരിക്കാനാ ഇവിടുത്തെ പണിക്കാരു തൊപ്പിയൊക്കെ വച്ചു നടക്കുന്നത്”
(നെയ്രൊസ്റ്റിനു മെമ്പൊടിയായി ഇന്ത്യൻ കോഫീ ഹൌസിന്റെ ചരിത്രം)

തിരിച്ചു ബസ്‌സ്റ്റാൻ‌ദിലേക്ക്.
“ഇതു തന്നാണൊ നിന്റെ സീറ്റ്. നല്ലോണം നോക്ക്’“

“ആന്നേ. ഇതു കണ്ടില്ലേ നമ്പറ്”

“എന്നാപ്പിന്നെ ബാഗൊക്കെ ആ സൈഡിലെക്ക് മാറ്റി വെയ്ക്ക്. കാലു വെയ്ക്കാൻ സ്ഥലമില്ലേ. കുറച്ചു കഴിയുമ്പോൾ ആ ജനലടച്ചേക്ക്. കാറ്റടിച്ച് ജലദോഷം പിടിക്കണ്ട. പിന്നെ സീറ്റു മുന്നോട്ടും പിന്നോട്ടും ഒക്കെ ആക്കുമ്പോൾ പുറകിലിരിക്കുന്ന ആളെ നോക്കീട്ട് ചെയ്യനം. തുമ്മെന്ന് അങ്ങ് താഴ്തിയേക്കരുത്. പുറകിലുള്ളവരുടെ ദേഹത്തു പോയി ഇടിക്കും. പിന്നെ നിന്റെ കൈയും എവിടെം കുടുങ്ങാതെ നോക്കിക്കോണം.ടിക്കറ്റെന്ത്യേ. പെട്ടെന്ന് എടുക്കാവുന്ന സ്ഥ്ലലത്ത് തന്നെ വെച്ചേക്ക്. രാത്രീൽ വണ്ടി നിർ‌ത്തുമ്പോ ഇറങ്ങി ദൂരെയെങ്ങും പോകണ്ട കേട്ടോ. നിനക്ക ചില്ലറ വല്ലോം വേണോ വഴിക്ക് ചായ കുടിക്കാൻ...”

“എന്റെ പപ്പെ ഞാനിതാദ്യമായിട്ടാണോ ബാം‌ഗ്ലൂരേക്ക് ബസിനു പോകുന്നത്. പപ്പ പൊക്കോന്നേ.’

(പിന്നെം അവിടേം ഇവിടെം ഒക്കെ നോക്കി എല്ലാം ശരിയാണോ എന്നൊകെ ഉറപ്പുവരുത്തിക്കൊണ്ട് നിൽ‌ക്കുകയാണ്)

“ ഇതിപ്പോ ഓട്ടം കഴിഞ്ഞ് വന്ന വല്ല വണ്ടീമായിരിക്കുമോ പോലും .എങ്കീ പിന്നെ എഞ്ചിൻ തണുത്തിട്ടുണ്ടാവില്ല. ഇവമ്മാരെ ഒന്നും വിശ്വസിക്കാ‍ാൻ കൊള്ളില്ലെന്നേ”

“യേയ്. ഒന്നൂല്ലേലും ഇത് ഗവണ്മെന്റ് വണ്ടിയല്ലേ. അവരങ്ങനൊകെ ചെയ്യുമോ?”
(അവിടെ ഇൻസ്പെക്ഷൻ നടത്തുന്നതിനിടെ എന്റെ ‘ആക്കലൊന്നും’ അവിടങ്ങ് രെജിസ്റ്റർ ചെയ്യപ്പെടുന്നില്ല)
“പപ്പേ ഇറങ്നെന്നേ, വണ്ടി വിടാൻ പോവാ”

“എന്നാ ശരി മോളേ. അവിടെ ചെന്നപാട് വീട്ടിലേക്ക് വിളിച്ചെക്കണം കേട്ടോ. മമ്മി ചുമ്മാ ടെൻ‌ഷനടിക്കും”

(ഉവ്വേ ഉവ്വേ.. എത്തണ്ട സമയം കഴിഞ്ഞല്ലോ, അവളു വിളിച്ചില്ലേടീന്ന് നാഴികയ്ക്ക് നാപ്പതു വട്ടം മമ്മിയോട് ചോദിക്കുന്ന ആളാണ് ഒക്കേം മമ്മീടെ ടെൻ‌ഷനെ പറ്റി ടെൻ‌ഷനാവുന്നത്)

“വിളിക്കാം പപ്പേ. പപ്പേം വീട്ടിലെത്തീട്ട് വിളിക്ക് കേട്ടൊ. ഇവിടുന്നാവുമൊമ്പോ പപ്പേടെ സ്റ്റേറ്റ്ബസു തന്നെ ഇഷ്ടം പോലെ കിട്ടൂലോ“(പിന്നെം ഒരു ‘ആക്കൽ’ കൂടി വേസ്റ്റ് ആയി

“ശരീടി മോളേ. എന്നാ ഞാനിറങ്ങിയേക്കുവാ”

പുറത്തെ മഴയിൽ ധൃതിയിൽ നടന്ന് ഇരുട്ടിലേക്കു മറയുന്ന വെള്ളഷർട്റ്റും മുണ്ടുമിട്ട രൂപം. ഉള്ള നാടു മുഴുവൻ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മോളാണെങ്കിലും കൂടെ നടക്കുമ്പോൾ ഇള്ളക്കുട്റ്റികളെ കൊണ്ടുനടക്കുന്നതു പോലെ കൈയിൽ മുറുകെ പിടിച്ചേ നടക്കൂ. ബെല്ലും ബ്രേക്കുമില്ലാതെ നടക്കുകയാണെങ്കിലും ആ സ്നേഹത്തിന്റെ തണലിൽ പൂച്ചക്കുട്ടിയെ പോലെ പതുങ്ങിക്കിടക്കാനാണ് ഇടയ്ക്കിടെ ബഹളം വച്ചങ്ങോട്ടു കയറിചെല്ലുന്നതും. ലവ് യൂ..

Saturday, July 16, 2011

സാള്‍ട് ആന്‍‌ഡ് പെപ്പര്‍ പോസ്റ്റ്...

സുഹൃത്തുക്കളേ,

ഗൂഗിള്‍ ബസിലെ ഒരു ആക്രാന്തചര്‍‌ച്ചയില്‍ (ഭക്ഷണത്തപ്പറ്റിയാണെന്നു പ്രത്യേകിച്ചു പറയേണ്ടല്ലോ) പലരും ഉദാരമായി സം‌ഭാവന ചെയ്ത വിവരങ്ങള്‍ ചേര്‍‌ത്തു വച്ചാണ് ഈ ലിസ്റ്റുണ്ടക്കിയിരിക്കുന്നത്. കേരളത്തില്‍ തെക്കുവടക്കായി ചിതറിക്കിടക്കുന്ന നാടന്‍ രുചികളുടെ ഒരു ശേഖരം. ഓരോ സ്ഥലങ്ങളിലൊക്കെ ചെന്നിട്ട് 'ശ്ശൊ ഇവിടെങ്ങാണ്ടൊരു ചായക്കട ഉണ്ടാരുന്നൂന്ന് കേട്ടിട്ടുണ്ടല്ലോ, നല്ല ഉണ്ടമ്പൊരി കിട്ടുന്നത്, ആരാ പറഞ്ഞേന്നോര്‍മ്മയുണ്ടാരുന്നേല് വിളിച്ചു ചോദിക്കാരുന്നു??' എന്നൊക്കെ നഷ്ടബോധിച്ച് നിന്നിട്ടില്ലേ? അതൊഴിവാക്കാന്‍ വേണ്ടീട്ടാണ് ഈ പരിപാടീം കൊണ്ട് ഞാനിറങ്ങീത്. കള്ളുഷാപ്പുകള്‍,ചായക്കടകള്‍,തട്ടുകടകള്‍,ഹോട്ടലുകള്‍ എനുവേണ്ട കിട്ടിയ എല്ലാ വിവരങ്ങളും ഇതില്‍ കുത്തിക്കൊള്ളിച്ചിട്ടുണ്ട്. ജില്ല അനുസരിച്ചാണ് സോര്‍ട്ട് ചെയ്തിരിക്കുന്നത്. പലര്‍ക്കും ഇതില്‍ ഇനിയും കൂട്ടിച്ചേര്‍ക്കാനും ഒരുപാടുണ്ടാവും. ഇതില്‍ ഉള്‍പ്പെടുത്തിയ കടകളെ പറ്റി തന്നെ കൂടുതല്‍ വിവരങ്ങള്‍ തരാനും (കൃത്യമായ വഴി, അഡ്രസ്, ഫോണ്‍ നമ്പര്‍ തുടങ്ങിയ കാര്യങ്ങള്‍).നിങ്ങള്‍ വിവരങ്ങളിങ്ങോട്ടു തന്നാല്‍ മതി. എടുത്തു ലിസ്റ്റില്‍ ഒട്ടിക്കുന്ന കാര്യം ഞാനേറ്റു. വേണ്ടവര് വേണ്ടവര് ഇതിന്റെ പ്രിന്റ് ഔട് എടുത്തോണ്ടു പോയി ഇവിടങ്ങളിലൊക്കെ ചെന്ന് അങ്കം കുറിക്കുകയും ചെയ്തോളൂ..

അപ്പോ പറഞ്ഞ പോലെ. പറ്റുന്നോരൊക്കെ സഹായിക്ക് കേട്ടോ. ഒന്നൂലേലും പുട്ടടീടെ കാര്യമല്ലേ :-))

https://spreadsheets.google.com/spreadsheet/pub?hl=en_US&hl=en_US&key=0AvmRTnKQbNGYdEMxZ1lmV244UnRpVGZ2dUllb25tWUE&output=html

ഈ ലിസ്റ്റുണ്ടാക്കിയതിന് കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടന്റെ (http://keralahahaha.blogspot.com/) വക സമ്മാനം :-))))




Tuesday, November 23, 2010

അവളും ഞാനും...

തവിട്ടു കണ്ണും തവിട്ടു മുടിയും... അവളെ പറ്റി ഓർക്കുമ്പോൾ ആദ്യം മനസിലേക്കു വരുന്നത്‌ അതാണ്‌.. മഹാനഗരത്തിലെ ജീവിതത്തിന്റെ ബഹളത്തിനോടും വർണ്ണപ്പകിട്ടിനോടും പൊരുത്തപ്പെടാൻ പറ്റാത്തതിന്റെ അന്ധാളിപ്പിനൊപ്പം വീടിന്റെ സുരക്ഷിതത്വത്തിൽ നിന്നും ദൂരെ ഒറ്റപ്പെട്ടു പോയതിന്റെ ഭയവും എല്ലാം കൂടി വല്ലാത്തൊരു അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു ഞാൻ.. ഓഫീസിലെ ഉത്തരേന്ത്യൻ സഹപ്രവർത്തകരുടെ ആത്മവിശ്വാസവും ചുറുചുറുക്കും ഭാഷാപ്രാവീണ്യവും ഒക്കെ കണ്ട് ദിനംപ്രതി കൂടി വരുന്ന അപകർഷതാബോധവും.. അതെല്ലാം കൊണ്ടാവണം ഒരു ഉത്തരേന്ത്യക്കാരിയാണ്‌ റൂമേറ്റാകാൻ പോകുന്നതെന്നറിഞ്ഞപ്പോഴേ മനസിടിഞ്ഞിരുന്നു. ഓഫീസിൽ വച്ചായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. കടമ നിർവഹിക്കുന്നതു പോലെ രണ്ടും പേരും ഒരുവിധത്തിൽ പേരും സ്ഥലവും ഒക്കെ ചോദിച്ചെന്നു വരുത്തി അവരവരുടെ സീറ്റുകളിലേക്ക് പിൻവലിഞ്ഞു; അല്ല രക്ഷപെട്ടോടി എന്നു പറയുന്നതാവും കൂടുതൽ ശരി.

വൈകിട്ട് റിക്ഷയിൽ ഒരുമിച്ച് താമസസ്ഥലത്തേക്ക് പോവുമ്പോഴും ഞങ്ങൾക്കു തമ്മിൽ സംസാരിക്കാനൊന്നുമുണ്ടായിരുന്നില്ല.. പകുതിവഴിയെത്തിയപ്പോൾ അവൾ പതുക്കെ എന്റെ കയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു..

‘ഒന്നും വിചാരിക്കരുത്.. എന്റേത് അത്ര നല്ല ഇംഗ്ളീഷല്ല.. ഇവിടെ ഓഫീസും അവിടുത്തെ ആൾക്കാരെയുമൊക്കെ കണ്ടപ്പോൾ പേടിയാകുന്നു.. ഞാൻ എങ്ങനെ ഇവിടെ ജീവിക്കുംന്ന് എനിക്കറിയില്ല..

ഞാൻ അന്ധാളിച്ചിരുന്നു പോയി.. അതുവരെ കണ്ടതു വച്ച് ഉത്തരേന്ത്യക്കാരു മുഴുവനും ഇംഗ്ളീഷ് മണിമണിയായി സംസാരിക്കുമെന്നായിരുന്നു എന്റെ വിചാരം. അതു കേട്ടപ്പോൾ ചെറിയൊരു സമാധാനം..ഞാനിവിടെയെത്തിയിട്ടു അധികം നാളായില്ലെന്നും എനിക്കു ഇംഗ്ളീഷും ഹിന്ദിയുമൊന്നും മര്യാദയ്ക്കറിയില്ലെന്നുമുള്ള സത്യാവസ്ഥ പറഞ്ഞ് ഞാൻ അവളെ സമാധാനിപ്പിച്ചു.. എന്തായാലും അതോടെ ഞങ്ങൾക്കിടയിലുള്ള മഞ്ഞുരുകി.. കേരളത്തിലെ ഒരു കൊച്ചു നാട്ടിൽ നിന്നുള്ള ഞാനും ഹരിയാനയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള അവളും.. ജനിച്ചു വളർന്നതു ഇന്ത്യുടെ രണ്ടു വ്യത്യസ്തകോണുകളിലാണെങ്കിലും ഞങ്ങൾ തമ്മിൽ ഒരുപാടു സാമ്യമുണ്ടായിരുന്നു.. അരക്ഷിതത്വം, ഒറ്റപ്പെടൽ, നഗരജീവിതത്തിന്റെ അമ്പരപ്പ്, കൊച്ചുഗ്രാമങ്ങളിൽ നിന്ന് നഗരത്തിലെത്തിയതിന്റെ അപകർഷതാബോധം, സ്വയംപര്യാപ്തരാവണമെന്നുള്ള വാശി അങ്ങനെ പലതും. രാവെളുക്കുവോളം പരസ്പരം കണ്ണിൽ കണ്ണിൽ നോക്കികിടന്ന് ഞങ്ങൾ സംസാരിക്കുമായിരുന്നു.. ഓഫീസിലെ കാര്യങ്ങൾ,വീട്ടിലെ കാര്യങ്ങൾ, സ്വപ്നങ്ങൾ എല്ലാമെല്ലാം.. അവളെ പറ്റി കൂടുതലറിയുന്തോറും സഹതാപം കൂടിക്കൊണ്ടിരുന്നു. ചെറിയ പ്രായത്തിലേ അമ്മ മരിച്ചു. ചേച്ചിമാരുമായി നല്ല പ്രായവ്യത്യാസമുണ്ട്.. അവരൊക്കെ നേരത്തെ തന്നെ കല്യാണം കഴിഞ്ഞ് സ്വന്തം കുടുംബമൊക്കെയായി ദൂരെയാണ്‌.. നല്ലോണം പ്രായമായ അച്ഛൻ.. വീട്ടിൽ നോക്കാനാരുമില്ലാത്തതു കൊണ്ട് ചെറുപ്പം മുതലേ വളർന്നത് ബോഡിംഗ്സ്കൂളിലും ഹോസ്റ്റലിലും ഒക്കെയായിട്ട്.. അങ്ങു കേരളത്തിൽ വീട്ടുകാരും ബന്ധുക്കളുമൊക്കെ സ്നേഹിച്ച് ലാളിച്ച് വളർത്തിയ എനിക്ക് സങ്കൽപിക്കാൻ പോലുമാവില്ലായിരുന്നു അത്തരത്തിലൊരു ജീവിതം. മമ്മിയെപറ്റിയൊക്കെ വാതോരാതെ സംസാരിക്കുന്നതിനിടയ്ക്കാവും പെട്ടെന്നോർമ്മ വരിക.. അമ്മ നഷ്ടപ്പെട്ട ഒരു കുട്ടിയോടാണല്ലോ ഈ വിവരിക്കുന്നതെന്ന്. അതു മനസിലായിട്ടാവും അവൾ ആശ്വസിപ്പിക്കും.. തനിക്ക് അമ്മ ഒരു ശീലമല്ലാതിരുന്നതു കൊണ്ട് ഇതൊന്നും കേട്ടാലും ഒരു സങ്കടവുമുണ്ടാവില്ലെന്ന്...

ഞങ്ങൾ പരസ്പരം ആശ്വസിപ്പിച്ചും സഹായിച്ചും ശക്തി പകർന്നും ആ നഗരജീവിതത്തിലേക്കു പതുക്കെ പതുക്കെ അഡ്ജസ്റ്റ് ചെയ്തു തുടങ്ങി. അവളെന്റെ ഹിന്ദി നന്നാക്കി തന്നു. പകരം ഞാൻ എനിക്കറിയുന്ന ഇംഗ്ളീഷ് ഒക്കെ അവൾക്കു പകർന്നു കൊടുത്തു. ഒരു നോർത്തിന്ത്യൻ കല്യാണത്തിന്‌ കോട്ടൺ ഡ്രസിട്ടു പോയതിനു വഴക്കു പറഞ്ഞ് എന്നെകൊണ്ട് ആദ്യമായി ഒരു മിന്നിത്തിളങ്ങുന്ന കുപ്പായം വാങ്ങിപ്പിച്ചത് അവളാണ്‌.. ഉത്തരേന്ത്യൻ ഭക്ഷണത്തെ എനിക്കു പരിചയപ്പെടുത്തി തന്നതും.. ഒരു കടുത്ത ഭക്തയായ അവൾക്കൊപ്പം വിശ്വാസമൊന്നുമില്ലാത്ത ഞാൻ അമ്പലങ്ങളിൽ പോയി.. ഓരോ വിശേഷദിവസങ്ങളിലും വീടിന്റെ മുക്കിലും മൂലയ്ക്കുമൊക്കെ പൂജാ സെറ്റപ്പൊരുക്കാൻ അവളെ സഹായിച്ചു. പകരം എന്റെ കൂടെ നോൺവെജ് കഴിക്കാനായി(കഴിക്കുന്നതു കാണാനായി എന്നതാണു കറക്ട്) അവളും കൂട്ടു വന്നു. തറ നിറയെ കടലത്തോടു വീണു കിടക്കുന്ന ബസിൽ കയറി ദീപാവലിയ്ക്ക് ഞങ്ങൾ ഹരിയാനയിലെ അവളുടെ ഗ്രാമത്തിലേക്കു പോയി. വീട്ടിൽ ഞങ്ങളെ സ്വീകരിക്കാൻ ആരുമില്ലാത്തതു കൊണ്ട് അകന്ന ബന്ധത്തിലുള്ള ഒരു സ്ത്രീയെ അവൾ വിളിച്ചു വരുത്തിയിരുന്നു. അവളെയോർത്ത് ഏറ്റവും കൂടുതൽ വിഷമം തോന്നിയത് അതു കണ്ടപ്പോഴാണ്‌.. വീട്ടിലെ ആകെയുള്ള നല്ല മുറി ഞങ്ങൾക്കു തന്നിട്ട് അവളുടെ അച്ഛൻ ടെറസിൽ ചാർപായിൽ കിടന്നുറങ്ങി. എനിക്കൊക്കെ വീട്ടിൽ പോവുക എന്നു പറഞ്ഞാൽ അതില്പരമൊരു ആശ്വാസവും സ്വാതന്ത്ര്യവുമില്ല.. അവൾക്കും സ്വന്തം വീടിനോട് അതേ വികാരം തന്നെയാവുമോ തോന്നിയിട്ടുണ്ടാവുക എന്നു പലവട്ടം ചിന്തിച്ചിട്ടുണ്ട്.. സ്വന്തം വീട്ടിലും അവൾ അതിഥിയെ പോലെയാണ്‌ എന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്.. പക്ഷെ ഒരിക്കലും അതു തുറന്നു ചോദിക്കാൻ ധൈര്യം കിട്ടിയിരുന്നില്ല.. ഒരുപക്ഷെ പുറമേ കാണിക്കാത്ത ഒരു മുറിവ് ഞാനായിട്ട് കുത്തിവേദനിപ്പിച്ചെങ്കിലോ എന്നോർത്ത്....


അവളുടെ കല്യാണം ഉറപ്പിച്ചു എന്നു കേട്ടപ്പോൾ സത്യത്തിൽ ആശ്വാസമാണു തോന്നിയത്. പെൺകുട്ടികൾ അത്ര നേരത്തെ വിവാഹിതരാകുരുത് എന്ന അഭിപ്രായക്കാരിയാണെങ്കിലും അവളുടെ കാര്യത്തിൽ അത് ആവശ്യമാണെന്ന് എനിക്കു തോന്നിയിരുന്നു.. അച്ഛനും അമ്മയും നിറയെ ആളുകളുമുള്ള ഒരു കുടുംബത്തിൽ ഇനിയെങ്കിലും അവൾ ജീവിക്കണമെന്ന് ഞാനാഗ്രഹിച്ചിരുന്നു. ആണ്മക്കൾ മാത്രമുള്ള വീട്ടിലേക്കാണ്‌ അവൾ മരുമകളായി ചെല്ലുന്നതെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി.. അവളെ മരുമകളായിട്ടല്ല മകളായി തന്നെ ആ അച്ഛനും അമ്മയും സ്നേഹിക്കണെ എന്നു ഞാൻ അവളുടെ ദൈവങ്ങളോടു പ്രാർത്ഥിച്ചു. അവളുടെ കല്യാണത്തിനു സാക്ഷ്യം വഹിക്കാനായി ഒരിക്കൽ കൂടി അവളുടെ ഗ്രാമത്തിലേക്കു പോയി. ‘ബാരാത്’ ന്‌ കാത്തിരിക്കുമ്പോൾ അവളുടെ ലെഹങ്കയിൽ നിന്നും ഒരു കൊച്ചു മണി താഴെവീണു.. ഞാൻ അതെടുത്തു എന്റെ സ്വെറ്ററിന്റെ പോക്കറ്റിലിട്ടു കൊണ്ട് ‘ഈ ദിവസത്തിന്റെ ഓർമ്മയ്ക്കായി’ എന്നു സിനിമാസ്റ്റൈലിൽ പറഞ്ഞതും അവൾ വളരെ സീരിയസായി പറഞ്ഞു.. ‘ നീ ഇതു സൂക്ഷിച്ചോളൂ . അടുത്ത കല്യാണം നിന്റേതാവും’. ‘ഇനി എങ്ങാനും അതു സംഭവിച്ചില്ലെങ്കിൽ കുറ്റം മുഴുവൻ നിന്റെ ഈ മണിയ്ക്കായിരിക്കും’ എന്നും പറഞ്ഞ് ഞാനതു ചിരിച്ചു തള്ളി.

അവളുടെ വിവാഹത്തിനു ശേഷം അധികം താമസിയാതെ എന്റെ പ്രൊജക്ട് മാറി വേറെ ഓഫീസിലായി. തമ്മിൽ കാണുന്നതും വല്ലപ്പോഴുമായി. ഒടുവിൽ ആ ജോലി റിസൈൻ ചെയ്ത് ആ നാടും വിട്ടു വരുന്നതിനു മുൻപ് അവസാനമായി ഒരിക്കൽ കൂടി ഞാനവളെ പോയി കണ്ടു. തമ്മിൽ സംസാരിച്ച്, ഇനി ഇടയ്ക്കു വിളിയ്ക്കണം എന്നൊക്കെ പറഞ്ഞ് പിരിയാൻ തുടങ്ങുമ്പോഴാണ്‌ അവൾ അറിയിച്ചത് ‘ അരേ യാർ.. മേം പ്രെഗ്നന്റ് ഹൂം’ എന്ന്. അതെങ്ങനെ എന്നോടവതരിപ്പിക്കും എന്നതിന്റെ എല്ലാ വൈക്ളബ്യത്തോടും കൂടി.. അതിനോടെങ്ങനെ പ്രതികരിക്കും എന്നു ഞാനും അമ്പരന്നു. ഞങ്ങൾ തമ്മിൽ അങ്ങനുള്ള കാര്യങ്ങളൊന്നും സംസാരിക്കാറില്ലായിരുന്നു.. ഞങ്ങൾക്കിടയിലെ സംഭാഷണത്തിൽ അവളുടെ ഭർത്താവോ ഭർതൃവീട്ടുകാരോ ഒന്നും കടന്നു വരാറില്ലായിരുന്നു. അവൾക്കവിടെ സുഖമാണെന്ന് ഞാൻ വിശ്വസിച്ചിരുന്നു.. അല്ലെങ്കിൽ സ്വയം വിശ്വസിപ്പിച്ചിരുന്നു.. അവളാകട്ടെ ഒരിക്കലും അതിനെപറ്റിയൊന്നും സംസാരിച്ചിട്ടുമില്ലായിരുന്നു. എന്നെങ്കിലും ഞാനാ ലൈഫിനെ പറ്റി അവളോടു ചോദിക്കുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നോ .. അറിയില്ല..


അവിടെ നിന്ന് ബാംഗ്ളൂരിലെത്തിയ ശേഷം തമ്മിലുള്ള ഫോൺകോളുകൾ വളരെ വിരളമായിരുന്നു.. അവൾക്കൊരു മകൾ പിറന്ന കാര്യം ഒരിക്കൽ വിളിച്ചപ്പോൾ പറഞ്ഞു. സാധാരണ മറ്റു കൂട്ടുകാരികളൊക്കെ കുഞ്ഞുണ്ടായാൽ പിന്നെ കുഞ്ഞിന്റെ കാര്യമേ സംസാരിക്കൂ.. പക്ഷെ അവൾ പിന്നെ വിളിച്ചപ്പോഴും ജോലിയെകുറിച്ചും പഴയ ലൈഫിനെപറ്റിയുമൊക്കെയാണ്‌ സംസാരിച്ചത്. സംഭാഷണത്തിനിടെയിലെപ്പോഴോ കുഞ്ഞിനും ബാക്കിയെല്ലാവർക്കും സുഖമാണെന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു പോവുകയും ചെയ്തു. ഞാനും കൂടുതലൊന്നും ചോദിച്ചില്ല. എന്നോടെന്തെന്തെങ്കിലും ദുഖം പങ്കുവെയ്ക്കാനുണ്ടെങ്കിൽ അതവൾ തന്നെ പറയട്ടെ എന്നു ഞാനും വിചാരിച്ചിരുന്നു. അതോ.. അവൾക്കവിടെ വിഷമങ്ങളൊന്നുമില്ല എന്നുള്ള എന്റെ പ്രതീക്ഷ തെറ്റിപ്പോകുമെന്നു ഞാൻ ഭയന്നിരുന്നോ.. അറിയില്ല..

പതുക്കെപതുക്കെ ഞങ്ങൾ തമ്മിലുള്ള ഫോൺവിളികൾ നിലച്ചു.. എന്തെങ്കിലുമാവശ്യമുണ്ടെങ്കിൽ അവൾ എന്നെ വിളിച്ചുകൊള്ളുമെന്ന് എനിക്കുറപ്പായിരുന്നു.. കഴിഞ്ഞ വർഷം ഇവിടെ യൂ.കെ-യിൽ ആയിരിക്കുമ്പോൾ ഒരു കൂട്ടുകാരി അയച്ച മെയിലിൽ ആണ്‌ അവളെ പറ്റി അവസാനമായി കേട്ടത്.. ‘എന്തോ ഒരു അസുഖം വന്ന് അവളുടെ ഹസ്ബൻഡ് മരിച്ചു പോയെന്ന്‌’. അവളുടെ ജീവിതത്തിൽ ആ നഷ്ടം എത്ര ഭീകരമായിരിക്കും എന്നെനിക്കറിയാം. അവളെ വിളിച്ചു സംസാരിക്കാൻ പലവട്ടം തുനിഞ്ഞതാണ്‌. പക്ഷെ എന്തു പറയും എന്നു രൂപം കിട്ടാത്തതു കൊണ്ട് അതിനു പറ്റിയില്ല്ല. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ അവളെ പോയികാണണം എന്നുറപ്പിച്ചു തന്നെയാണ്‌ പോയത്.. പക്ഷെ ധൈര്യം കിട്ടിയില്ല. അവൾ അന്നു തന്ന ആ മണി ഇപ്പോഴും എന്റെ പഴ്സിൽ കിടപ്പുണ്ട്.. ചില്ലറപ്പൈസകൾ ഇടുന്ന അറയിൽ. ഓരോ ദിവസവും അതുകാണുമ്പോൾ കുറ്റബോധം വന്നു നിറയും. ഒരു പക്ഷെ അവൾക്കറിയാമായിരിക്കും ഞാനെന്തു കൊണ്ട് വിളിച്ചില്ല എന്ന്‌.. 'നിനക്ക് ചിരിപ്പിക്കാനേ അറിയൂ, ആശ്വസിപ്പിക്കാനറിയില്ല' എന്ന് അവൾതന്നെ പലവട്ടം കളിയാക്കിയിട്ടുണ്ട്..അതോ ഇത്രയും വലിയ ദുഖത്തിലൂടെ കടന്നു പോകുമ്പോൾ ഒന്നു വിളിക്കുക പോലും ചെയ്യാത്ത ക്രൂര എന്നു വിചാരിക്കുന്നുണ്ടാവുമോ.. അറിയില്ല... പക്ഷെ ഒന്നുറപ്പാണ്‌.. ഒരിക്കൽ ഞാൻ ആ നഗരത്തിലേക്കു പോകും. അവളെ കാണും. ദിവസങ്ങളോളം സംസാരിക്കും. ഞങ്ങൾ പിരിഞ്ഞതിനു ശേഷമുണ്ടായ നഷ്ടങ്ങളെ പറ്റിയില്ല.. അതിനു മുൻപു കണ്ണിൽ കണ്ണിൽ നോക്കികിടന്ന് പങ്കിട്ടിരുന്ന പണ്ടത്തെ ആ സ്വപ്നങ്ങളെ പറ്റി... ആർക്കും ഒന്നും നഷ്ടപ്പെട്ടില്ലെന്ന് ഉറപ്പു കൊടുക്കാനും സ്വയം ഉറപ്പു വരുത്താനും.....

Friday, August 20, 2010

ഇറ്റാലിയൻ വിശേഷങ്ങൾ - പോംപി,വെസൂവിയസ്...

പുരാവസ്തുസ്മാരകങ്ങൾ നോക്കി ‘ഓ എന്തു ചുമ്മാ ഇടിഞ്ഞു പൊളിഞ്ഞു വീണത് നോക്കി എന്തോന്നാസ്വദിക്കൻ ’ എനു പുച്ഛിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആഗ്രയിലെയും മറ്റും കൊട്ടാരാവശിഷ്ടങ്ങലിലൂടെയും ഹംപിയിലൂടെയും ഒക്കെ പോയി വന്നപ്പോൾ അത്തരം പ്രദേശങ്ങളോടുള്ള താല്പര്യം കൂടി വരാൻ തുടങ്ങി. നമുക്കു മുന്നേ അവിടെ ആളുകൾ എങ്ങേയാണു ജീവിച്ചിരുന്നതിന്റെ തെളിവുകൾ.. ഇന്നിന്റെ കണ്ണിലൂടെ ഇന്നലെകളെ കാണാനുള്ള അവസരമാണ്‌ ഈ അവശിഷ്ടങ്ങൾ നൽകുന്നതെന്നൊക്കെ ആലങ്കാരികമായി വേണമെങ്കിൽ പറയാം... എപ്പോഴോ ഹംപിയെ പറ്റി വായിച്ചപ്പോഴാണ്‌ അങ്ങു ദൂരെ ഇറ്റലിയിൽ പോംപി എന്നൊരു സംഭവമുണ്ടെന്ന് ആദ്യമായി അറിഞ്ഞത്.. ഹംപിയെ പോലെ തന്നെ ഉപേക്ഷിക്കപ്പെട്ട നഗരം. ഹംപിയുടെ തകർച്ചയ്ക്കു കാരണം മനുഷ്യർ തമ്മിലുള്ള യുദ്ധമായിരുന്നെങ്കിൽ പോംപിയിൽ വില്ലനായത് പ്രകൃതി തന്നെയാണ്‌. ഒരു അഗ്നിപർവതസ്ഫോടനത്തിന്റെ രൂപത്തിൽ..

റോമിൽ നിന്നും രണ്ടു-മൂന്നു മണിക്കൂർ ട്രെയിൻ യാത്ര ചെയ്താൽ നേപിൾസിലെത്തും. അവിടെ നിന്നും പോംപിയിലേക്ക് ഇടവിട്ടിട്ടിടവിട്ട് ലോക്കൽ ട്രെയിൻ സർവീസുണ്ട്.പൊതുവെ ഒരു ടൂറിസ്റ്റിനു ഇഷ്ടപ്പെടാനുള്ള ഒന്നും പോംപിയിലില്ല എന്നു ഞാൻ വെറുതെ തെറ്റിധരിച്ചതാണെന്ന് ലോക്കൽ ട്രെയിനിലെ തിരക്കു കണ്ടപ്പോൾ മനസിലായി.പക്ഷെ ഏറ്റവും കോമഡിയായി തോന്നിയത് യാത്രയിലുടനീളം കണ്ടുമുട്ടിയ കപിൾസിനെയാണ്‌. പോംപി പോലെ മുച്ചൂടും തകർന്നു തരിപ്പണമയി കിടക്കുന്ന ഒരു ദുരന്തസ്ഥലത്ത് റൊമാൻസാഘോഷിക്കാൻ വന്നിരിക്കുന്നവർ!! എന്താണതിനു പിന്നിലെ ചേതോവികാരം എന്ന് ഇപ്പോഴും എനിക്കു മനസിലായിട്ടില്ല!!!

പോപി സ്കാവി സ്റ്റേഷനിൽ ട്രെയിനിറങ്ങിയാലുടനെ തന്നെ കാണാം പോമ്പി റൂയിൻസിന്റെ പ്രവേശനകവാടം.അങ്ങോട്ടു കയറിയപ്പോൾ ഞാൻ ആദ്യം തന്നെ തിരഞ്ഞത് വെസൂവിയസിനെയായിരുന്നു.. അതെ മൌണ്ട് വെസൂവിയസ് എന്ന അഗ്നിപർവതം.. പോംപിയുടെ കാലൻ.. ചുറ്റും ഒരേ പോലെ കാണുന്ന മലകളിൽ ഏതാണ്‌ ആ ഭീകരൻ എന്നു തിരിച്ചറിയാൻ ഒരു പാഴ്ശ്രമം. AD79-ൽ ഇതു പോലെ ഒരു സാധാരണദിവസമായിരുന്നു അതും.. വരാൻ പോകുന്ന ആപത്തിനെ പറ്റി യാതൊരു ഊഹവുമില്ലാതെപോംപിയിലെ ജനങ്ങൾ അവരോർടെ പണീം ചെയ്തുകൊണ്ടു നടക്കുന്നു. പെട്ടെന്നാണ്‌ ആകാശത്ത് ഇരുട്ടുപരത്തിക്കൊണ്ട് എട്ടു കിലോമീറ്റർ അകലെയുള്ള വെസൂവിയസ് പൊട്ടിത്തെറിച്ചത്.. ആദ്യം നഗരത്തെ ചാരത്തിൽ മൂടി. അധികം താമസിയാതെ ആ നഗരത്തെ അതിലെ എല്ലാ സർവചരാചരങ്ങളോടും കൂടെ ലാവ മൂടി..രണ്ടു ദിവസം നീണ്ടു നിന്ന ലാവാപ്രവാഹം ഒന്നും രണ്ടും വർഷമല്ല.. നൂറ്റാണ്ടുകളോളം പോംപിയും സമീപനഗരമായ ഹെർകുലേനിയവും മനുഷ്യദൃഷ്ടിയിൽ നിന്നും മറഞ്ഞുകിടന്നു..1600 വർഷങ്ങൾക്കു ശേഷം 1599-ൽ സാർനോ നദിയെ അണ്ടർഗ്രൌണ്ടിലൂടെ വഴി തിരിച്ചു വിടാൻ വേണ്ടി ടണൽ കുഴിക്കുമ്പോഴാണ്‌ അവിചാരിതമായി താഴെ മൂടിക്കിടന്ന പോംപിയിലെ ഒരു മതിൽ കണ്ടെത്തിയത്.. പിന്നീ​‍ീടു നടന്ന എക്സ്കവേഷനിലൂടെ ആ നഗരത്തെ പുറത്തെടുക്കാൻ തുടങ്ങി..ഇപ്പോൾ ഏതാണ്ട്‌ 160,000 ഏക്കറോളം പോംപിയെ പുറത്തെടുത്തു കഴിഞ്ഞത്രേ! ദാ താഴെ പോംപിയിലെ ഒരു തെരുവും സൈഡിൽ വീടുകളുടെ അവശിഷ്ടവും പിന്നെ അതിനെ നോക്കിപ്പേടിപ്പിച്ചു കൊണ്ടു നിൽക്കുന്ന വെസൂവിയസും..

ദുഷ്ടൻ വെസൂവിയസിന്റെ ക്ളോസപ്..

ലാവ ഉറഞ്ഞ് കോൺക്രീറ്റ് പോലെ മോൾഡായതു കൊണ്ട് അതിനു താഴെ പോംപി കാര്യമായ കേടുപാടുകളൊന്നുമില്ലാതെ വർഷങ്ങളോളം സംരക്ഷിക്കപ്പെട്ടിരുന്നു. നൂറ്റാണ്ടുകൾക്കു മുൻപുള്ള റോമൻ ജീവിതത്തിന്റെ നേർക്കാഴ്ച പോലെ.. ടൈംമെഷീനില്ലാതെ തന്നെ ഭൂതക്കാലത്തിലെക്കൊരു തിരിച്ചു പോക്കാണ്‌ ഇന്നത്തെ പോംപി. എക്സ്കവേഷനിൽ പുറത്തു വന്നത് ഇന്നത്തെ വാസ്തുവിദ്യയോടു കിടപിടിക്കുന്ന കെടിടങ്ങൾ, ടെംപിളുകൾ, മനോഹരമായ ചുമർചിത്രങ്ങൾ,പാത്രങ്ങൾ എല്ലാത്തിനുമുപരി ലാവയിൽ പൊതിഞ്ഞു ഭദ്രമായി കിടക്കുന്ന മനുഷ്യ/മൃഗശരീരങ്ങളും!! നല്ല മനക്കട്ടിയുള്ളവർ മാത്രം താഴത്തെ പടങ്ങൾ കണ്ടാൽ മതി കേട്ടോ..


ദാ പോംപിയിലെ കെട്ടിടാവശിഷ്ടങ്ങൾ.. ഇക്കൂട്ടത്തിൽ എല്ലാമുണ്ട്.. തെരുവുകൾ,വീടുകൾ, അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ്സ്, പൊതു കുളിമുറികൾ, മൂത്രപുരകൾ (പുരാതനറോമിൽ ഈ മൂത്രപുരകളിലെ മൂത്രമൊക്കെ വല്യ ഭരണിയിൽ സംഭരിച്ച് അതു കുപ്പായത്തിനു ബ്ളീച്ചായി ഉപയോഗിച്ചിരുന്നത്രേ),ആരാധനാലങ്ങൾ, വിനോദ സ്ഥലങ്ങൾ, ആംഫിതീയേറ്ററുകൾ അങ്ങനെയങ്ങനെ ഒരു നഗരത്തിനു വേണ്ട എല്ലാം..



ദാ അപ്പോളോ ദേവന്റെ പ്രതിമ!! ഒരു പരിക്കും പറ്റാതെ നിൽക്കുന്നതു നോക്കിക്കേ.. ഇതിനു എതിർഭാഗത്ത് ഡാനാദേവിയുടെയും പ്രതിമയുണ്ട്.. അതു പക്ഷെ കുറെ തകർന്നു പോയി..



ഇതു കണ്ടിട്ട് നമ്മുടെ തെയ്യത്തിന്റെയും കഥകളിയുടെയും ഒക്കെ ഒരു ലുക്കില്ലേ.. ഒരു വീടിനുള്ളിൽ കണ്ടതാണ്‌.. ചിലപ്പോൾ വല്ല പൂജാമുറിയുമായിരിക്കും.. അതു പറഞ്ഞപ്പോഴാണ്‌.. ഇവിടെ നിന്നും നമ്മുടെ ലക്ഷ്മീദേവിയുടെ ഒരു പ്രതിമയും കിട്ടിയിട്ടുണ്ടത്രേ.. കച്ചവടത്തിനിടയിൽ കൈമാറി എത്തിയതായിരിക്കും.. ആ പ്രതിമ ഇപ്പോൾ നേപിൾസിലെ മ്യൂസിയത്തിലാണ്‌..

ദാ ഈ സ്വിമ്മിംഗ് പൂൾ പോലെയുള്ള സംഭവം കണ്ടോ.. റോമാക്കാർക്ക് കുളിമുറികളോടുള്ള പ്രത്യേക താലപര്യം (റോമൻ ബാത്ത്)ഓർത്ത് ഞാൻ വിചാരിച്ചു ഇതു അവരുടെ ബാത്ടബ്ബാണെന്ന്.. പക്ഷെ അതിനു മാത്രം വലിപ്പമില്ല.. കൂടാതെ ഇതു പ്രതിഷ്ഠിച്ചിരിക്കുന്നത് മെയിൻ റൂമിലും. പിന്നെ ഗൈഡ് വായിച്ചപ്പോഴണ്‌ മനസിലായത് അതു ഫൌണ്ടെയ്ൻ ആണത്രേ.. മിക്ക വീടുകളിൽ ഇതുണ്ടായിരുന്നത്രേ.. റോമ്മക്കരുടെ ഫൌണ്ടെയ്ൻ പ്രേമം മറന്നു പൊയ എന്നെ പറഞ്ഞാൽ മതിയല്ലോ..

പോംപിയെ കണ്ട് ഞെട്ടലും സഹതാപവും ആശ്ചര്യവുമൊക്കെ അനുഭവിച്ചു കഴിഞ്ഞ് ഇനി അടുത്ത ലക്ഷ്യം.. ഇരയെ കണ്ടു.. ഇനി കാണേണ്ടത് വേട്ടക്കാരനെയാണ്‌.. വെസൂവിയസിന്റെ മുകളിലേക്ക്..
പോംപിയിൽ നിന്നും ട്രെയിനിൽ ഹെർകുലേനിയം സ്റ്റേഷനിലിറങ്ങിയാൽ അവിടെ നിന്നും ഷട്ടിൽ ബസുകളുണ്ട് വെസൂവിയസിന്റെ മുകളിലേക്ക്. (ഈ ഹെർകുലേനിയവും അന്നതെ അഗ്നിപരവതസ്ഫോടനത്തിൽ തകർന്നതാണ്‌ മൺമറഞ്ഞു പോയി പിന്നെ കുഴിച്ചെടുത്തതാണ്‌ ). ചുരം കയറുന്നതു പോലെ ചുറ്റിചുറ്റി വെസൂവിയസിന്റെ മുകളിലേക്ക്.. ക്രേറ്റർ വരെ വണ്ടി പോവില്ല.. പാർക്കിംഗ് ഏരിയയിൽ ഇറങ്ങി പിന്നെ ഒരു 800 മീറ്ററോളം മണ്ടക്കം മണ്ടക്കം നടന്ന് മല കേറണം.. സാദാ മലയല്ല.. സാക്ഷാൽ അഗ്നിപരവതം. അതും ഇപ്പോഴും പൊട്ടൂലാന്നു ഗ്യാരണ്ടിയൊന്നുമില്ലാത്ത സംഭവം.. 1950-ൽ ആണത്രേ ഇതു ലാസ്റ്റ് പൊട്ടിയത്.. ഇപ്പോൾ തല്ക്കാലം ഉറക്കത്തിലാണ്‌.. ഇടയ്ക്കിടയ്ക്ക് പുകയൊക്കെ വരുംന്നേയുള്ളൂ.. ഈ ഉറക്കം വെറുതെ നാട്യമാണെന്നും ഉള്ളിൽ പ്രഷർ കൂടികൂടി ഒരു ഭീകരപൊട്ടിത്തെറി എപ്പോൾ വേണമെങ്കിലും ഉണ്ടാവാമെന്നും മുന്നറിയിപ്പുണ്ട്.. അതു കാരണം ഇവിടുത്തെ ഭൂചലനങ്ങളും ആക്ടിവിറ്റീസുമൊക്കെ എപ്പോഴും നിരീക്ഷണത്തിലാണ്‌.. എന്തയാലും തല്ക്കാലം വാണിംഗൊന്നും ഇല്ലെങ്കിലും കുട്ടികഥകളിലൊക്കെ വായിച്ചപോലെ ഉറങ്ങിക്കൊണ്ടിരിക്കുന്ന രാക്ഷസന്റെ ദേഹത്തൂടെ നടക്കുന്ന കുട്ടിയുടെ മാനസികാവസ്ഥയോടെയാണ്‌ ഞാനാ മല കയറിയത്.. പക്ഷെ പറയാതിരിക്കാൻ വയ്യ.. അതിമനോഹരമായ വ്യൂ.. അങ്ങു ദൂരെ നേപിൾസിന്റെ കടലോരപ്രദേശവും കടലും കാണാം.. നടക്കുന്ന വഴിയാണെങ്കിലോ ഒരു മാതിരി മണലിലൂടെ നടക്കുനതു പോലെ.. ലാവ പൊടിഞ്ഞ ചരലും മണ്ണുമാണ്‌.. തെന്നീം തെറിച്ചും ഒരു വിധം മുകലിലെത്തിപ്പെട്ടൂന്നു പറഞ്ഞാൽ മതിയല്ലോ..

‘നരകത്തിന്റെ വായ’ (mouth of hell) എന്ന അഗ്നിപർവതമുഖം (crater). ഒറ്റ നോട്ടത്തിൽ അഗ്നിപർവത്തതിന്റെ മോൾഭാഗം ആരോ ബോംബിട്ടു തകർത്തതു പോലെ തോന്നും.. നിറയെ ചരലും കല്ലും മണ്ണും നിറഞ്ഞ ഒരു ഭീമാകാരൻ കുഴി!! അതൊന്നു ചുറ്റിവരണമെങ്കിൽ തന്നെ വേണം അരമുക്കാൽ മണിക്കൂർ. ദാ ഏതാണ്‌ ഇതു പോലിരിക്കും.. (ഇതു ഫോടോയുടെ ഫോടോ എടുത്തതാണ്‌ )
ദാ ഇതു ഞാൻ അതിനെ എന്റെ കാമറയിൽ പകർത്താൻ ശ്രമിച്ചത്.. എതയൊക്കെ സർക്കസ് കളിച്ചിട്ടും അതിന്റെ ഒരറ്റം മാത്രമേ കാമറയിൽ കൊണ്ടുള്ളൂ.. പിന്നെ അധികം വാശി പിടിച്ചാൽ ചിലപ്പോൾ ഞാനും കാമറയും കൂടെ വേലീം പൊളിച്ച് അഗ്നിപരവത്തിന്റെ വായിലേക്കു വീണെക്കുമെന്ന് പേടിച്ചു മാത്രം ഒക്കെ ഒന്നു മിതമാക്കി..

ഈ വായിൽ നിന്നാണ്‌ പോംപിയുടെയും ഹെർകുലിനിയത്തിന്റെയും നാശം സംഭവിച്ഛതെന്നോർത്തപ്പോൾ ഹൃദയത്തിൽ ഒരു മിന്നല്‌. ദാ ലാവ പോയ വഴി കൊണ്ടാ.. ചുമ്മാ മനുഷ്യരെ കൊല്ലാൻ വേണ്ടിയുള്ള പോക്ക്!!



വെസൂവിയസിന്റെ ഓർമയ്ക്കായി അതിന്റെ മുകളിൽ നിന്നും ഒന്നുരണ്ടു ലാവക്കല്ലുകളും എടുത്ത് മടങ്ങുമ്പോൾ ആകെ ടെൻഷൻ. മുകളിലേക്കു കയറി പോയ പോലല്ല.. അഗ്നിപർവതത്തിന്റെ ഭീകരതയും, താഴെ തകർന്നു തരിപ്പണമായ പോംപിയും ഒക്കെ കണ്ടു കഴിഞ്ഞപ്പോൾ പിന്നെ വഴിയരികിലുള്ള വീടുകലിലെക്കു നോക്കാൻ തന്നെ പേടി.. എന്തു വിശ്വസിച്ചാണ്‌ ഇത്രയും വലിയ ഒരപകടത്തിന്റെ ചുവട്ടിൽ ഇവർ ജീവിക്കുന്നത്. നിഗമനങ്ങളനുസരിച്ചു നോക്കുകയണെങ്കിൽ മുന്നറിയിപ്പില്ലാതെ പണ്ടത്തെ പോലെ ഒരു സ്ഫൊടനമുണ്ടായാൽ ഇപ്പോൾ ഏതാണ്ട് 500,000-ത്തോളം ആളുകളാണ്‌ അപകടത്തിൽ പെടാൻ പോകുന്നത്.. മറ്റു നാശനഷ്ടങ്ങൾ വേറെയും. അത്രയ്ക്ക് ജനസാന്ദ്രതയാണ്‌ ഈ പ്രദേശങ്ങളിൽ.. ഈ ഒരു അപകടസാധ്യതയെ പറ്റി ടാക്സിക്കാരനോടു ചോദിച്ചപ്പോൾ അങ്ങേർ ചിരിച്ചു കൊണ്ടു പറഞ്ഞു.. ‘വെസൂവിയസ് അവരെ ചതിക്കില്ലത്രേ..’. പോംപിയോടു ഇതേ വെസൂവിയസ് കാണിച്ച വിശ്വാസവഞ്ചന തൊട്ടപ്പുറത്തു കണ്ടതു കൊണ്ട് ഞാനത്ര ശുഭാപ്തിവിശ്വാസിയല്ല. എന്നാലും അന്നാട്ടുകാരുടെ പ്രതീക്ഷ പോലെ വെസൂവിയസ് പൊട്ടാതിരിക്കട്ടെ. ഇനി അഥവാ പൊട്ടിയേ തീരൂന്നാണെങ്കിൽ തന്നെ എല്ലാവർക്കും രക്ഷപെടൻ ഇഷ്ടം പോലെ സമയം കൊടുത്ത് സാവധനത്തിൽ പൊട്ടട്ടെ.. ചരിത്രത്തിൽ ഇനിയും ഒരു പോംപിയും കൂടി സംഭവിക്കാതിരിക്കാട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കാനല്ലേ നമ്മളെ കൊണ്ടു പറ്റൂ....

പോംപിയെ പറ്റി ഒരു നല്ല BBC ഡോക്യുമെന്ററി ഇവിടുണ്ട്.. താല്പര്യമുള്ളവർക്കു കാണാം
http://www.youtube.com/watch?v=ACwwPfCGykA&feature=fvw


(ഇതോടു കൂടി ഞാൻ ഇറ്റാലിയൻ പര്യടനം അവസാനിപ്പിച്ച് നിന്നും പെട്ടിയും ഭാണ്ഡവുമെടുത്ത് തിരികെ യു.കെ.യിൽ എത്തിയതായി അറിയിച്ചു കൊള്ളുന്നു...)